Thursday, July 26, 2012

കോഴിമുട്ടയിലെ പോഷകമൂല്യം


ഒരു കോഴിമുട്ടയില്‍നിന്നും 80 കിലോകലോറി ഊര്‍ജം ലഭിക്കും. 6.3 ഗ്രാം പ്രോട്ടീന്‍, 0.6 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ്, 5 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. 1.5 ഗ്രാം പൂരിത കൊഴുപ്പുകളും 213 മില്ലിഗ്രാം കൊളസ്‌ട്രോളും 0.063 ഗ്രാം സോഡിയം, .03 മില്ലിഗ്രാം ഫോസ്ഫറസ്, 27 മൈക്രോഗ്രാം അയഡിന്‍, 6 മൈക്രോഗ്രാം സെലീനിയം എന്നിവയും അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ 98 മൈക്രോഗ്രാം, വിറ്റാമിന്‍ ഡി 0.9 മൈക്രോഗ്രാം, ബി2-0.24 മൈക്രോഗ്രാം, ബി12-1.3 മൈക്രോഗ്രാം, ഫോളിക് ആസിഡ് 26 മൈക്രോഗ്രാം, ബയോട്ടിന്‍ 10 മൈക്രോഗ്രാം, പാന്റോഐഹിക് അമ്ലം 0.9 മില്ലിഗ്രാം, കോളിന്‍ 145 മില്ലി ഗ്രാം എന്നിവയും കോഴിമുട്ടയിലുണ്ട്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്‍ പ്രതിശീര്‍ഷ മുട്ടയുടെ ഉപഭോഗം 180 ആക്കാനാണ് ശുപാര്‍ശ ചെയ്യുന്നത്. ദേശീയ ശരാശരി 49.8 ഉം കേരളത്തിലിത് 74ഉംമാണ്. ചൈനയിലെ പ്രതിശീര്‍ഷ ഉപഭോഗം ആണ്ടില്‍ 300 ആണ്. പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന ഏറ്റവും പോഷകമൂല്യമേറിയതും ചെലവ് കുറഞ്ഞതുമായ പോഷാകാഹാരമാണ് കോഴിമുട്ട.

 

Wednesday, May 2, 2012

മീന്‍ഗുണബജാലം

എന്താണ് മീന്‍ഗുണബജാലം? എന്താണിതിന്റെ ഗുണം? ഇതെങ്ങനെയാണ് തയ്യാറാക്കുന്നത്?


തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയിലെ ചില കര്‍ഷകര്‍ തയ്യാറാക്കുന്ന പരമ്പരാഗത സസ്യവളര്‍ച്ചാ ഹോര്‍മോണ്‍ ആണ് 'മീന്‍ഗുണബജാലം'. നെല്ല്, മുളക്, റോസാച്ചെടി എന്നിവയുടെ കീടനിയന്ത്രണത്തിനും വളര്‍ച്ചാ വര്‍ധനവിനും അവര്‍ ഇതുപയോഗിക്കുന്നു. ഇത് അവര്‍ തയ്യാറാക്കുന്നതിങ്ങനെ: നല്ല മീന്‍ വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന ചെതുമ്പലും ചെകിളയും തലയും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ - 1 കിലോ, ശര്‍ക്കര 1 കിലോ, രണ്ടും കൂടെ നന്നായിളക്കി 10 ലിറ്റര്‍ വെള്ളത്തില്‍ പ്ലാസ്റ്റിക് ഡ്രമ്മില്‍ ഇട്ടുവെക്കും. 3-4 ദിവസം ഇത് നന്നായി ഇളക്കും. ഡ്രം തണലത്താണ് വെക്കുക. 16 ദിവസം കഴിയുമ്പോള്‍ മിശ്രിതം അരിച്ച് ഒരു ലിറ്റര്‍ ലായനി 100 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചെടുത്താല്‍ ഒരേക്കറില്‍ തളിക്കാന്‍ മതിയാകും. അതിരാവിലെയോ വൈകുന്നേരമോ ആണ് തളി. ഒരേക്കറില്‍ കീടനിയന്ത്രണത്തിനും മറ്റും സാധാരണ 2,000 രൂപ വരെ ചെലവാക്കുന്ന സ്ഥാനത്ത് വെറും 100 രൂപ മതി മത്സ്യഗുണബജാലം തയ്യാറാക്കാന്‍. പരിസ്ഥിതി മലിനീകരണമോ മനുഷ്യന് ദോഷമോ ഇല്ല.