Monday, December 30, 2013

കോഴിമുട്ട വിരിയിക്കുമ്പോള്‍

കോഴിമുട്ട വിരിയിക്കുമ്പോള്‍

വിരിയിക്കാനുള്ള മുട്ടകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. മുട്ടയുടെ ആകൃതി, വലിപ്പം, മുട്ടത്തോടിന്റെ ഗുണം, മുട്ടയ്ക്കുള്ളിലെ ഭാഗങ്ങളുടെ പ്രകൃതി, മുട്ടയുടെ പഴക്കം എന്നിവയാണ് അവയില്‍ പ്രധാനം. അസാധാരണമായ ആകൃതിയോടുകൂടിയ മുട്ടകള്‍ അടവെക്കാന്‍ ഉപയോഗിക്കരുത്. വളരെ വലിപ്പംകൂടിയതോ വലിപ്പം കുറഞ്ഞതോ ആയ മുട്ടകളും ശരിയായി വിരിയുകയില്ല. 50 ഗ്രാം മുതല്‍ 55 ഗ്രാംവരെ തൂക്കമുള്ള മുട്ടകളാണ് വിരിയിക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. കട്ടിയുള്ളതും എളുപ്പത്തില്‍ പൊട്ടാത്തതും വൃത്തികേടില്ലാത്തതുമായ തോടുള്ള മുട്ടകള്‍ വേണം അടവെക്കാന്‍. മുട്ടയിട്ടുകഴിഞ്ഞ് രണ്ടോമൂന്നോ ദിവസം പഴക്കമുള്ള മുട്ടകള്‍ക്കാണ് വിരിയാനുള്ള കഴിവ് കൂടുതല്‍. പത്തുദിവസത്തിലേറേ പഴക്കമുള്ള മുട്ടകള്‍ വിരിയിക്കാന്‍ ഉപയോഗിക്കരുത്.

വിരിയിക്കല്‍ സമ്പ്രദായങ്ങള്‍
രണ്ടുവിധത്തിലാണ് മുട്ട വിരിയിക്കുന്നത്. കോഴികളെ അടവെച്ചും ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ചും. കുറച്ച് മുട്ടകള്‍മാത്രം വിരിയിക്കാന്‍ അടക്കോഴികളെയും കൂടുതല്‍ മുട്ടകള്‍ വിരിയിക്കാന്‍ ഇന്‍ക്യുബേറ്ററും ഉപയോഗിക്കാം.

അടവെച്ച് വിരിയിക്കല്‍
സാധാരണയായി പിടക്കോഴികളാണ് അടയിരിക്കാറെങ്കിലും ധ്രുവപ്രദേശങ്ങളിലെ പെന്‍ഗ്വിന്‍ പക്ഷികളിലും എമുവിലും ആണ്‍പക്ഷികളാണ് മുട്ടയുടെ മേല്‍ അടയിരിക്കുന്നത്. നാടന്‍ പിടക്കോഴികളും സങ്കരയിനം പിടക്കോഴികളും പതിവായി അടയിരിക്കുന്നു. 10 മുതല്‍ 12 മുട്ടകള്‍ വരെ ഒരു കോഴിയില്‍ അടവെക്കാം. വിരിഞ്ഞിറങ്ങി 24 മണിക്കൂര്‍ കഴിഞ്ഞതിനുശേഷംമാത്രമേ കുഞ്ഞുങ്ങളെ മുറിക്ക് പുറത്തുപോകാന്‍ അനുവദിക്കാവൂ.

കൃത്രിമമായി വിരിയിക്കല്‍
ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ച് മുട്ട വിരിയിക്കുമ്പോള്‍ താപനില, ഈര്‍പ്പം, മുട്ടഅടുക്കുന്ന രീതി, മുട്ടകളുടെ സ്ഥാനചലനം, വായുസഞ്ചാരം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ക്യാബിനറ്റ് തരത്തില്‍പ്പെട്ട ഇന്‍ക്യുബേറ്ററുകളില്‍ ആദ്യത്തെ 18 ദിവസം 99 മുതല്‍ 100 ഡിഗ്രി ഫാരന്‍ഹീറ്റ്‌വരെയും അതിനുശേഷം 98 മുതല്‍ 99 ഡിഗ്രി ഫാരന്‍ഹീറ്റ്‌വരെയും താപനിലവേണം. താപനിലപോലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഈര്‍പ്പം. കുഞ്ഞുങ്ങളുടെ വിരിയല്‍നിരക്ക് കൂടാന്‍ ഈര്‍പ്പവും ആവശ്യമാണ്. ആദ്യത്തെ 18 ദിവസം 60 ശതമാനവും പിന്നീട് കൂടുതലായും ഈര്‍പ്പംവേണം.

മുട്ടയ്ക്കുളില്‍ വിരിയുന്ന ഭ്രൂണത്തിന് പ്രാണവായു ആവശ്യമാണ്. അതുപോലെ കാര്‍ബണ്‍ഡയോകൈ്‌സഡ് പുറത്തുപോവുകയും വേണം. അതിനാല്‍ ഇന്‍ക്യുബേറ്ററിനുള്ളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പുവരുത്തണം. മുട്ടയുടെ വീതിയുള്ള ഭാഗം മുകളിലേക്കായിട്ടോ മുട്ടകള്‍ കിടത്തിയോ വെക്കണം. മുട്ടകള്‍ ഇന്‍ക്യുബേറ്ററില്‍ ഒരേപോലെ ഇരിക്കുകയാണെങ്കില്‍ ഭ്രൂണം മുട്ടയുടെ ഏതെങ്കിലും ഭാഗത്തേക്ക് ഒട്ടിച്ചേരുകയും തന്മൂലം ചാകാന്‍ ഇടയാവുകയും ചെയ്യുന്നു. ഇത് തടയാന്‍ മുട്ടകള്‍ ഇന്‍ക്യൂബേറ്ററില്‍ വെച്ച് മൂന്നുദിവസം കഴിഞ്ഞതുമുതല്‍ 18 ദിവസംവരെ പ്രതിദിനം ആറുമുതല്‍ എട്ടുപ്രാവശ്യംവരെ തട്ടുകള്‍ രണ്ടുവശത്തേക്കും മാറ്റി മാറ്റി ചെരിച്ചുവെക്കണം.

പൂവന്‍ ചേരാത്ത മുട്ടകള്‍, വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടങ്ങളില്‍ ചാകുന്നഭ്രൂണം എന്നിവയെ മാറ്റുന്നതിനായി മുട്ടകള്‍ ഏഴാമത്തെയും പതിനെട്ടാമത്തെയും ദിവസങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കണം. മുട്ടകള്‍ക്കുള്ളില്‍ പ്രകാശരശ്മികള്‍ കടത്തിവിട്ടാണ് ഇത് ചെയ്യുന്നത്. ഇതിനെ കാന്‍ഡലിങ് എന്ന് പറയുന്നു. കുഞ്ഞുങ്ങള്‍ വിരിഞ്ഞതിനുശേഷം ഉണങ്ങുന്നതിനായി കുറച്ച് മണിക്കൂറുകള്‍ കൂടി അവയെ ഇന്‍ക്യുബേറ്ററിനുള്ളില്‍ വെക്കണം.
                                     ഡോ. പി.കെ.മുഹ്‌സിന്‍, താമരശ്ശേരി, മുന്‍ അഡീഷണല്‍ ഡയറക്ടര്‍ (എ.എച്ച്.)

1 comment: